2011, നവംബർ 11, വെള്ളിയാഴ്‌ച

നിനച്ചിരിക്കാതെ...


ആമുഖം

 ചില കഥകള്‍ അങ്ങനെയാണ്... വായിച്ചു കഴിഞ്ഞാലും അത് നമ്മളുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും.. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് പിറവം ടോക്ക്-എച്ച് കോളേജിലെ ഒരു വിദ്യാര്‍ഥി (പേര് ഓര്‍മയില്ല) പറഞ്ഞ കഥ.. അത് പിന്നീട് 2008-ലെ എന്‍റെ ‘മണ്‍ചിരാതുകള്‍ പറയാതിരുന്നത്’ എന്ന കോളേജ് മാഗസിനില്‍ അനിത്ത് അര്‍ജുന്‍ അത് പുനരാഖ്യം ചെയ്തപ്പോഴും ഈ കഥയില്‍ എവിടെയോ ഞാന്‍ ജീവിക്കുന്നു എന്ന് തോന്നിയിരുന്നു... ഇപ്പോള്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍, രോഗ കിടക്കയില്‍ വെച്ചാണ് ആ കഥയ്ക്ക് മൂന്നാമതൊരു ആഖ്യാനത്തിന് ഞാന്‍ തയ്യാറാവുന്നത്... ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഒരി പക്ഷെ അത് വ്യാജ പ്രസ്താവന ആയിരിക്കും.
 . . . ഇനി ശേഷം കഥയില്


ഇന്നലെകള്‍ എനിക്ക് നല്‍കിയത്‌...

23 വര്‍ഷത്തെ കോട്ടയം ജീവിതം എനിക്ക് ഓര്‍മ്മിക്കാന്‍ നല്ലത് മാത്രമേ തന്നിരുന്നുള്ളൂ... നെല്‍വയലുകളില്‍ കേട്ട് മറന്ന കൊയ്ത്തു പാട്ടിന്റെ ഈരടികളും.. മീന മാസത്തെ കൊടുംചൂടത്തും, നട്ടുച്ചക്കും എന്റെ ചിന്തകള്‍ക്ക് തണലേകിയ നാട്ടിലെ ആല്‍മരവും, കുട്ടിക്കാലത്ത് പിരിഞ്ഞു പോയ കൂട്ടുകാരി തന്ന മയില്പീലിതുണ്ടും, മഞ്ചാടികുരുക്കളും, യുവരാജാവിന്റെ പകിട്ടോടെ ജീവിച്ചു തീര്‍ത്ത സ്കൂള്‍ ജീവിതവും, എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ഒപ്പം പാടവരമ്പത്ത് കൂടെ നടന്ന സായ്ഹങ്ങളും.. കലര്പില്ലാത്ത സ്നേഹം പങ്കു വെച്ച കൂട്ടുകാരുടെ ഒപ്പം കോളേജിനു സമീപം ഉള്ള തട്ടുകടകളില്‍ “മമ്മൂട്ടിയോ മോഹന്‍ലാലോ”, “സച്ചിന് ശേഷം ആര്?”, “രാവിലെ ബസില്‍ കേറിയ നീല ചുരിദാര്‍” തുടങ്ങിയ സമകാലിന വിഷയങ്ങളില്‍ പഠനം നടത്തി ഘോരഘോരം വാദിച്ചിരുന്ന ദിനങ്ങള്‍.... ഓര്‍മ്മിക്കാന്‍ ഒരു പാടുണ്ടായിരുന്നു എനിക്ക്... പരാതികള്‍ ഇല്ലായിരുന്നു എനിക്ക് ജീവിതത്തോട്..  50 മണിക്കൂര്‍ ദൂരം യാത്ര ഉള്ള സ്ഥലത്തേക്ക് ആദ്യ പോസ്റ്റിങ്ങ്‌... അറബി കഥയിലെ രാജകുമാരന്‍റെ വനവാസം ആയിരുന്നോ? അതോ നിനച്ചിരിക്കാതെ കിട്ടിയ വരദാനമോ?  തലസ്ഥാന നഗരി ഒരു പുതിയ അനുഭവമായിരുന്നു... ആദ്യം പകച്ചു, പിന്നെ കൗതുകത്തോടെ, പിന്നീട് ആവേശത്തോടെ ഓരോ ദിവസത്തെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നു.. ഓഫീസ് മുതല്‍ ക്വാര്‍ട്ടെര്സ്‌ വരെ ആവശ്യത്തിനും അനാവശ്യത്തിനും 50 കി.മീ. മൈലേജ് ഉള്ള എന്‍റെ 180 സി.സി. ബൈക്കില്‍ കറങ്ങി നടക്കുന്നത് എന്‍റെ ലഹരിയായിരുന്നു. ഓര്‍മ്മകള്‍ക്ക് ഇവിടെയും പഞ്ഞമില്ലായിരുന്നു. ഐ.എന്‍.എ മാര്‍ക്കറ്റ്‌, ചാന്ദ്നി ചൌക്ക്, പാലിക ബസാര്‍, കരോള്‍ ബാഗ്, ദ്വാരക, ഗുഡ്ഗാവ്... അങ്ങനെ അങ്ങനെ.. ആഘോഷങ്ങള്‍ക്ക് വേദികള്‍ വളരെ ഉണ്ടായിരുന്നു...   (ഇത് വരെ ഫ്ലാഷ്ബാക്ക്... ഇനി കഥയിലേക്ക്‌...)
 ഇന്നുകളിലെ ഞാന്‍...

AIIMS-ലെ കോര്‍പ്പറേറ്റ് ബ്ലോക്കിലെ കിടക്കയില്‍ ക്ലോക്കും നോക്കി നാഴികകള്‍ പിന്നിടാന്‍ കൊതിച്ചു കൊണ്ട് കിടക്കുകയാണ് ഞാന്‍. എന്താണ് സംഭവിച്ചത്‌? അവ്യക്തമായ ഓര്മ മാത്രം... കുറച്ചു ദിവസങ്ങളായി തലവേദന എന്നെ അലട്ടി കൊണ്ടിരുന്നു. ബോര്‍ഡ്‌ മീറ്റിംഗ് നടക്കുന്നതിനിടയില്‍ ശക്തമായ തലവേദന അനുഭവപെട്ടു. മുറിയിലെ പ്രോജെക്ടര്‍ സ്ക്രീനും, മുന്‍പില്‍ ഇരിക്കുന്ന ലാപ്ടോപ്പും എനിക്ക് ചുറ്റും കറങ്ങുന്നതായി തോന്നി.. അടുത്തിരുന്ന മാനേജറിന്റെ തോളിലേക്ക് വീണത്‌ മാത്രം ഓര്‍മയുണ്ട്.
കണ്ണ് തുറന്നപ്പോള്‍ ഇവിടെ...!!
എന്‍റെ അസുഖത്തിന്റെ ഗൌരവം എനിക്ക് മനസ്സിലായത്‌ പിന്നെയാണ്. വെന്റിലേറ്ററിലൂടെ ഇടയ്ക്ക് ഞാന്‍ കണ്ട കണ്ണീര്‍ വാര്‍ക്കുന്ന മുഖങ്ങളില്‍ നിന്ന്...!! സഹതാപത്തോടെ എന്‍റെ സമീപത്തേക്ക് വന്നിരുന്ന നേഴ്സിന്‍റെ മുഖത്ത് നിന്ന്... അഞ്ച് ശതമാനം!! അതാണത്രേ രക്ഷപെടാനുള്ള ചാന്‍സ്..! അല്ലെങ്കില്‍ ദൈവത്തിന്‍റെ മിറക്കിള്‍... ശരീരത്തോടൊപ്പം എന്‍റെ മനസ്സും തളരുന്നു.. 
എല്ലാവരെയും ഒന്ന് കൂടി കാണണം..! ഇപ്പോ അത്രമാത്രമേ ആഗ്രഹിച്ചുള്ളൂ..! നാളെ ഓഫീസില്‍നിന്ന് പലരും വരികയാണത്രേ.. എല്ലാവരെയും കാണുമ്പോള്‍ സംഭരിച്ചുവെച്ചിരിക്കുന്ന ധൈര്യം പോകരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.. ഡയറക്ടര്‍ യാത്ര പറഞ്ഞിറങ്ങി.. അടുത്തതായി പ്രിയപ്പെട്ട റെജി സാര്‍.. സാറിന്‍റെ കൂടെ ഒരു പ്രൊജക്റ്റ്‌ കൂടി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇനി കഴിയില്ലലോ..? അല്ലേ?? വിട പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നോ? എന്‍റെ കണ്ണീര്‍ എന്‍റെ കാഴ്ചയെ മറയ്ക്കുന്നു. 
സിറിലും, റോഷനും.. പ്രിയപ്പെട്ട കൂട്ടുകാര്‍.. മറന്നില്ലല്ലോ എന്നെ..! നന്ദി!! മനസ്സില്‍ പതിഞ്ഞു പോയ മുഖങ്ങള്‍... ജോബിന്‍ വര്‍ഗീസ്‌, അനൂപ് കെ. ജെ., ജോണ്‍സ് ഡേവിസ്, പര്‍മീന്ദര്‍ സിംഗ്, നിഷ സാമുവേല്‍, ഗുര്‍പ്രീത്‌ കൌര്‍... എന്‍റെ കോര്‍ ഗ്രൂപ്പ്‌ മെംബേര്‍സ്.. ലിസ്റ്റ് നീളുന്നു.. മനസ്സ് വിങ്ങിപൊട്ടുകയാണ്. ഞാന്‍ കണ്ണടച്ച് കിടക്കുകയാണ്. എവിടെ എന്‍റെ പ്രിയപ്പെട്ട സുബിന്‍? പുറകില്‍ നില്‍ക്കുകയാണോടാ? ഇനിയാരു വഴക്ക് പറയും തന്നെ ഡേ-ബുക്കിലെ എന്‍ട്രി തെറ്റിക്കുന്നതിനു? ഇന്ന് തന്നെ ബാങ്കില്‍ ചെന്ന് എന്നെ മാറ്റി പകരം റോഷനെ അക്കൗണ്ട്‌ കോ-സിഗ്നേറ്ററിയാക്കിയുള്ള റെസലൂഷനും, ആപ്ലിക്കേഷനും കൊടുക്കണം.
ആരോ എന്‍റെ കാല്‍ക്കല്‍ വീണു കരയുകയാണല്ലോ..? അഞ്ജലി.. അരുത്, കൂട്ടുകാരി അരുത്. നിങ്ങളുടെ കണ്ണീര്‍ എന്നെ തളര്‍ത്തുന്നു. നിന്‍റെ പ്രൊമോഷന്‍ ഓര്‍ഡര്‍ ഞാന്‍ ഒപ്പിട്ടു എച്ച്.ആറില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇനി നിങ്ങള്‍ ഉണ്ടാവണം, എനിക്ക് പകരമായി. ഞാന്‍ തുടങ്ങി വെച്ച പ്രൊജക്റ്റ്‌സ്‌ എല്ലാം ഇനി നിങ്ങള്‍ തീര്‍ക്കണം. പ്രത്യേകിച്ചും ആ പുതിയ സൈറ്റ്.. സ്വപ്‌നങ്ങള്‍ കൂട്ടി വെച്ച പളുങ്കുപാത്രം കയ്യില്‍ നിന്നും വഴുതി വീണു തകര്‍ന്നു പോയത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നവനാണ് ഞാന്‍.. ഇനി നിങ്ങളിലൂടെ എനിക്ക് ജീവിക്കണം..!
ജീവിതത്തിലും റീവൈന്റ്റ്‌ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കേല്‍ മാത്രം. തിരിച്ചു തരുമോ ആ നല്ല ദിനങ്ങള്‍.. മറക്കില്ല ആരെയും.. എന്നെയും മറക്കരുതേ..! പ്രിയ സുഹൃത്തുക്കളെ, അറിയാതെ എങ്കിലും നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്..!
മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ മാത്രം.. കണ്ണടച്ച് കിടക്കുമ്പോളാണ്‌ ഒരു അനക്കം കേട്ടത്. കണ്ണടച്ച് കിടക്കുമ്പോളാണ്‌ ഒരു അനക്കം കേട്ടത്. അല്ലെങ്കില്‍ ഒരു തുള്ളി കണ്ണീര്‍ എന്‍റെ മുഖത്ത് വീണപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്.!
റിന്‍സി സുസന്‍.. എന്‍റെ റീനു..!!!
ഞാന്‍ ഒരിക്കലും, ആരോടും (റീനുവിനോട് പോലും!) പറയാതെ ഒളിച്ചു വെച്ച എന്‍റെ പ്രണയത്തിന്റെ അവകാശി.!!
അവളിവിടെ?.. സ്വപ്നം ആണോ?, അല്ല..!
കണ്ണീര്‍ തുടച്ചു കൊണ്ട്, അവള്‍ ഒരു പനിനീര്‍പ്പൂവും, കാര്‍ഡും, എന്‍റെ തലയിണക്കരികില്‍ വെച്ച്! ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ച ശേഷം അവള്‍ തിരിച്ചു നടന്നു!!
റീനു.. അവള്‍ എന്നും എന്‍റെ കൌതുകം ആയിരുന്നു. സ്കൂളില്‍ വെച്ച് എന്നെ തോല്‍പ്പിച്ച് സ്കൂള്‍ മാഗസിന്‍ എഡിറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുടങ്ങിയ കൌതുകം. ഇന്ന് വരെ ഞാന്‍ അവളോട്‌ ഒരു വാക്കും മിണ്ടിയിട്ടില്ല. പലതവണ ചോദിക്കണം എന്ന് കരുതിയതാണ്. പക്ഷെ ഞാന്‍  ബന്ധിതനായിരുന്നു, പലതിനാലും..!! അവള്‍ ഇവിടെ AIIMS-ല്‍ ഹൌസ് സര്‍ജെന്‍സി ചെയ്യുന്നു എന്ന് അറിഞ്ഞിരുന്നെങ്കിലും കാണാന്‍ ശ്രമിക്കാതിരുന്നത് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പഴയ കഥകള്‍ അയവിറക്കാന്‍ ഇഷ്ടമില്ലതിരുന്നത് കൊണ്ടാണ്.. ചില സമയങ്ങളില്‍ മറവി ഒരു അനുഗ്രഹം തന്നെയാണ്, ഓര്മ ശാപവും...!
പലപ്പോഴും ഇടവും വലവും ഓരോ കൂട്ടുകാരികള്‍ക്കൊപ്പം മാത്രമേ സ്കൂളില്‍ ഞാന്‍ അവളെ കണ്ടിരുന്നുള്ളൂ.. കണ്ടപ്പോഴൊക്കെ കാഴ്ചയില്‍ നിന്ന് മറയുന്നത് വരെ നോക്കി നില്‍ക്കാറുണ്ടായിരുന്നു. ഒരു പക്ഷെ അല്ല.. അത് അവള്‍ക്കും അറിയാമായിരുന്നു. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവള്‍ തിരിഞ്ഞു നോക്കിയിരുന്നത്?
ഇന്നും.. അവള്‍ മായുന്നത് വരെ ഞാന്‍ നോക്കി കിടന്നു. പതിവ് പോലെ അവളും തിരിഞ്ഞു നോക്കി.. ആ വെളുത്ത ഗൌണില്‍ അവള്‍ ഒരു മാലാഖയെ പോലെ തോന്നിച്ചു. അതിനു ശേഷമാണ്.. ആ കാര്‍ഡിനെ കുറിച്ച് ഞാന്‍ ഓര്‍ത്തത്‌..
രണ്ടു വാചകം മാത്രം...
“atleast for me..? come back...!
Your own..”
“സില്ലനു ഒരു കാതല്‍’ സിനിമയിലെ സൂര്യയെ പോലെ മഴയത്തു ചാടാനാണ് തോന്നിയത്‌.. ഡോക്ടര്‍ പറഞ്ഞ അഞ്ചു ശതമാനത്തില്‍ എനിക്ക് പ്രതീക്ഷ തോന്നി തുടങ്ങി.
ഓരോ പ്രഭാതത്തിലും, പ്രദോഷത്തിലും എനിക്ക് ഓരോ പനിനീര്‍പ്പൂവ് കിട്ടി കൊണ്ടിരുന്നു.!!!
ജീവിക്കാനുള്ള പ്രതീക്ഷയും വര്‍ദ്ധിച്ചു വരികയാണ്.! ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണ്, ഒളിച്ചോടാനുള്ളതല്ല എന്ന ചിന്ത എന്‍റെ മനസ്സിനെ സ്വാധീനിക്കുന്നു. മരുന്നിനെക്കാള്‍ കൂടുതല്‍ ജീവിതത്തെ ജീവിച്ചു തീര്‍ക്കാന്‍ കരുത്തുള്ള ഒരു മനസ്സാണ് എന്നില്‍ നിന്നും വേണ്ടത് എന്നാ ഡോക്ടര്‍ ജോമോന്റെ ആഹ്വാനം ഞാന്‍ സ്വീകരിച്ചു.

പ്രതീക്ഷയുടെ നാളെകള്‍..

വീണ്ടും പ്രതീക്ഷയുടെ വെളിച്ചം! എനിക്ക് ജീവിതത്തോട് പരാതികള്‍ ഇല്ല.!!!

ഞാന്‍ തിരിച്ചു വരികയാണ്... എന്നെ സ്നേഹിച്ചവള്‍ക്ക് വേണ്ടി.. എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടി.. പ്രാര്‍ത്ഥനയുടെ പുണ്യവും, സ്നേഹത്തിന്റെ ശക്തിയും, പൊരുതി ജയിക്കാനുള്ള ആവേശവുമായി.. എന്‍റെ ജീവിതത്തിലേക്ക്...!!

പ്രതാശ്യയുടെ പുതിയ തീരങ്ങളിലേക്ക്.....!!!

(സ്പെഷ്യല്‍ താങ്ക്സ് : പേരറിയാത്ത പിറവം ടോക്ക്-എച്ച് (2008) വിദ്യാര്‍ഥി,  ‘നിനച്ചിരിക്കാതെ’ by അനിത്ത് അര്‍ജുന്‍ (മണ്‍ചിരാതുകള്‍ പറയാതിരുന്നത്, 2008), ഡോ. ജോമോന്‍ വര്‍ഗീസ്‌, ഡല്‍ഹിയിലെയും ലുധിയാനയിലെയും സഹപ്രവര്‍ത്തകര്‍, ഹോസ്പിറ്റല്‍ അധികൃതരും സ്റ്റാഫ്‌ അംഗങ്ങള്‍ക്കും.)