2014, ജൂലൈ 24, വ്യാഴാഴ്‌ച

സംസാരം ആരോഗ്യത്തിനു ഹാനികരം!


സോഷ്യല്‍ മീഡിയയില്‍ വാളെടുത്തു അങ്കം വെട്ടാന്‍ പുറപ്പെടും മുന്‍പ് എന്‍റെ പ്രിയ സുഹൃത്തുക്കള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ദയവായി സന്ദര്‍ശിക്കുക :
പ്രതികരണ ശേഷി ഒരു കുറ്റമല്ല, പക്ഷെ അറിവില്ലായ്മ അക്ഷന്തവ്യമായ കുറ്റമാണ്...!!

ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കു എല്ലാം തന്നെ യൂസേജ് പോളിസി (ഉപയോഗ നിബന്ധനകള്‍) ഉണ്ട്. മറ്റുള്ളവരെയും നമ്മുക്ക് തുല്യരായി കാണുവാന്‍ പഠിക്കുക!

ഇന്റര്‍നെറ്റും ഒരു സമൂഹമാണ്. നമുക്ക് ഉള്ളത് പോലെ തുല്യ അവകാശം മറ്റുള്ളവര്‍ക്കുമുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ മാത്രമേ ലോകത്ത് കാര്യങ്ങള്‍ നടക്കാവൂ എന്ന് ശാട്യം പിടിക്കുന്നത്‌ മൌഡ്യമാണ്.

നാവു വളരെ ചെറിയ ഒരു അവയവം ആണെങ്കിലും, വലിയ കുഴപ്പക്കാരന്‍ ആണ്. ബൈബിള്‍ പറയുന്നു : " മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും." (സദൃശവാക്യങ്ങൾ 18:21) സ്വന്തം നാവിനെ കടിഞ്ഞാന്‍ ഇടാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് അതിഭയങ്കരം ആയിരിക്കും.




സോഷ്യല്‍ മീഡിയ എത്രയെത്ര നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കാം.! എന്നെന്നോ ഓര്‍മ്മയില്‍ മറഞ്ഞ പ്രിയ സുഹൃത്തിനെ, ഒന്നാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച സഹപാഠിയെ, പഴയ പി.ജി. ഹോസ്റ്റലിലെ റൂം‌മേറ്റ്സിനെ കണ്ടെത്തി പിടിച്ചതിന്റെ ആഹ്ലാദം ഉണ്ട് സൈബര്‍ സ്പേസില്‍... അത്യഹിത നിലയിലായിരുന്ന കുടുംബാംഗത്തിനു ചേരുന്ന ബ്ലഡ്‌ ഗ്രൂപ്പിനായി ചെയ്ത പോസ്റ്റ്‌ ആ ജീവന്‍ രക്ഷിച്ചതിലുള്ള കൃതജ്ഞത അലയടിക്കുന്നില്ലേ ഫേസ്ബുക്ക്‌ ഗ്രൂപ്പുകളില്‍? പാലക്കാട്‌ വിക്ടോറിയ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലൂടെ പിരിവെടുത്തു കലോത്സവത്തിന് ഫണ്ട്‌ നല്‍കിയത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പല്ലായിരുന്നോ?

ഇനിയിപ്പോ മൂന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നാണോ എന്ന് ആര് കണ്ടു?